ധര്‍മ്മത്തിന്‍റെ വിജയം (#9869)

പ്രഭോ, എന്‍റെ ദൈവമേ! അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ! സര്‍വ്വദേശങ്ങളുടെയും മേല്‍ അന്ധകാരം വീണിരിക്കുന്നു. എല്ലാ രാഷ്ട്രങ്ങളേയും അനര്‍ത്ഥത്തിന്‍റെ ശക്തികള്‍ വലയം ചെയ്തിരിക്കുന്നു. എന്നിരുന്നാലും അവരില്‍ക്കൂടി അവിടുത്തെ വിവേകത്തിന്‍റെ വൈഭവങ്ങളെ ഞാന്‍ ദര്‍ശിക്കുന്നു. അവിടുത്തെ ഇച്ഛയുടെ പ്രകാശത്തിന്‍റെ തിളക്കത്തെ തിരിച്ചറിയുന്നുമുണ്ട്.
അങ്ങയില്‍നിന്ന് ഒരു മൂടുപടം കൊണ്ടെന്നപോലെ മറക്കപ്പെട്ടവര്‍ സങ്കല്‍പ്പിക്കുന്നത് അവിടുത്തെ വെളിച്ചത്തെ കെടുത്താനും അവിടുത്തെ തീയെ അണയ്ക്കാനും അവിടുത്തെ കാരുണ്യത്തിന്‍റെ തെന്നലുകളെ നിശ്ചലമാക്കാനുമുള്ള ശക്തി അവര്‍ക്കുണ്ടെന്നാണ്. അല്ല, ഇതിന് അങ്ങ് എനിക്കു സാക്ഷ്യം വഹിച്ചേക്കാം! ഓരോ ദുരിതവും അവിടുത്തെ വിവേകത്തിന്‍റെ വാഹകരും, ഓരോ അഗ്നിപരീക്ഷയും അവിടുത്തെ ഇച്ഛയുടെ മാധ്യമവും അല്ലായിരുന്നുവെങ്കില്‍ ഭൂമിയിലേയും സ്വര്‍ഗ്ഗത്തിലേയും ശക്തികള്‍ ഞങ്ങള്‍ക്കെതിരായി അണിനിരന്നാലും ആര്‍ക്കും തന്നെ ഞങ്ങളെ തടസ്സപ്പെടുത്തുവാന്‍ ധൈര്യമുണ്ടാകുമായിരുന്നില്ല. എന്‍റെ മുമ്പില്‍ വെളിപ്പെടുത്തപ്പെട്ട അവിടുത്തെ വിവേകത്തിന്‍റെ വിസ്മയകരമായ നിഗൂഢതകളെ പ്രത്യക്ഷമാക്കിയിരുന്നുവെങ്കില്‍ അവിടുത്തെ ശത്രുക്കളുടെ കടിഞ്ഞാണ്‍ ഛിന്നഭിന്നമാക്കപ്പെടുമായിരുന്നു.
അല്ലയോ എന്‍റെ ദൈവമേ! അങ്ങു പ്രകീര്‍ത്തിതനാകട്ടെ. അവിടുത്തെ ഇച്ഛയുടെ സല്‍പ്രീതിയില്‍ നിന്നു പ്രവഹിക്കുന്ന നിയമത്തിനു ചുറ്റും അങ്ങയെ സ്നേഹിക്കുന്നവരെ ഒന്നിച്ചു കൂട്ടാനും അവരുടെ ഹൃദയങ്ങള്‍ക്ക് വിശ്വാസം പകരുന്നത് അവര്‍ക്കുവേണ്ടി താഴേക്ക് അയക്കാനും അവിടുത്തെ മഹിതമനാമത്താല്‍ ഞാന്‍ അങ്ങയോടു യാചിക്കുന്നു.
അവിടുന്ന് ഇച്ഛിക്കുന്നത് ചെയ്യാന്‍ ശക്തനാണവിടുന്ന്. സത്യമായും വിപദ്രക്ഷകനും സ്വയംണ്‍വര്‍ത്തിണ്‍യുമാണങ്ങ്.

-Bahá'u'lláh
-----------------------

ധര്‍മ്മത്തിന്‍റെ വിജയം (#9870)

പ്രഭോ! സൃഷ്ടിക്കപ്പെട്ട ജീവികളില്‍ ഒന്നുപോലും അവിടുത്തെ പ്രീതിയുടെ പരിധിക്കു വെളിയില്‍ നില്‍ക്കാന്‍ ഇടവരാതിരിക്കുന്നതിനുവേണ്ടി, അവിടുത്തെ ധര്‍മ്മമാര്‍ഗമാകുന്ന പറുദീസയില്‍ പ്രവേശനം നേടാന്‍ ഭൂമിയിലെ സകല ജനങ്ങളേയും ശക്തരാക്കേണമേ.
അവിടുത്തേക്കു പ്രീതികരമായതു മാത്രം ചെയ്യാനും അവിടുന്നു ആഗ്രഹിക്കുന്നതെന്തിനും അതീതമായി നില്‍ക്കാനുമുള്ള ശക്തി ഓര്‍മകള്‍ക്കതീതമായ കാലം മുതല്‍ അവിടുന്നു പുലര്‍ത്തിപോന്നിട്ടുണ്ട്.

-The Báb
-----------------------

ധര്‍മ്മത്തിന്‍റെ വിജയം (#9871)

അല്ലയോ പ്രഭോ! അവിടുത്തെ ദിനങ്ങളില്‍ അവിടുത്തെ സഹനശീലരായ സേവകരെ അങ്ങയുടെ പാതയില്‍ അവര്‍ എത്രമാത്രം രക്തസാക്ഷിത്വം ആഗ്രഹിക്കുന്നുവോ അത്രതോതില്‍ ഉചിതമായ വിജയം അവര്‍ക്കു നല്‍കിക്കൊണ്ട് പകരം അവരെ വിജയികളാക്കിയാലും. അവരുടെ മനസ്സുകള്‍ക്കു സുഖം നല്‍കുന്നവനും അവരുടെ ആന്തരിക സത്തയെ സന്തോഷിപ്പിക്കുന്നവനും അവരുടെ ഹൃദയങ്ങള്‍ക്ക് നിസ്സന്ദേഹമായ സ്ഥൈര്യവും അവരുടെ ശരീരങ്ങള്‍ക്ക് ശാന്തിയും പകര്‍ന്നു നല്‍കുന്നവനും അത്യുന്നതനായ ദൈവത്തിന്‍റെ സന്നിധിയിലേക്ക് ആരോഹണം ചെയ്യുവാന്‍ അവരുടെ ആത്മാവുകളെ സഹായിക്കുവാനും പരമോന്നത സ്വര്‍ഗ്ഗവും യഥാര്‍ത്ഥ ജ്ഞാനവും ഗുണങ്ങളും ഉള്ള മനുഷ്യര്‍ക്കായി അങ്ങു വിധിച്ചിട്ടുള്ള അത്തരം തേജസ്സുറ്റ ഏകാന്ത സ്ഥലങ്ങളും പ്രാപിക്കുവാനും വേണ്ടത് അവര്‍ക്കായി താഴേക്കയച്ചാലും. സത്യമായും അങ്ങു സകലതും അറിയുന്നു; അതേസമയം ഞങ്ങള്‍ അവിടുത്തെ സേവകരും അവിടുത്തെ അടിമകളും അങ്ങയാല്‍ ബന്ധിതരായവരും അവിടുത്തെ മുമ്പില്‍ ദരിദ്രരായവരും മാത്രം. അല്ലയോ ദൈവമേ, ഞങ്ങളുടെ പ്രഭോ, ഞങ്ങള്‍ സ്തുതിക്കുന്ന അങ്ങല്ലാതെ മറ്റൊരു നാഥനില്ല. ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും കാരുണ്യത്തിന്‍റെ ദൈവമായവനേ, അങ്ങൊഴികെ മറ്റാരില്‍ നിന്നും ഞങ്ങള്‍ അനുഗ്രഹങ്ങള്‍ക്കോ കൃപയ്ക്കോ കേണപേക്ഷിക്കുകയില്ല. ഞങ്ങള്‍ ദാരിദ്ര്യത്തിന്‍റേയും ഒന്നുമില്ലായ്മയുടേയും നിസ്സഹായതയുടേയും അധോഗതിയുടേയും മൂര്‍ത്തീകരണങ്ങളാണ്. അതേസമയം അവിടുത്തെ പൂര്‍ണ്ണസത്ത സമ്പത്തും സ്വാതന്ത്ര്യവും തേജസ്സും മഹത്വവും സീമാതീതമായ കൃപയും സൂചിപ്പിക്കുന്നു.
അല്ലയോ പ്രഭോ, ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډകളുടെയും, മേലെ ഉന്നതത്തില്‍ നിന്നും താഴെ ഭൂമിവരെയും വ്യാപിച്ചിരിക്കുന്ന അനേകവിധമായ ഔദാര്യങ്ങളുടെയും ഇടയില്‍ അങ്ങയ്ക്ക് ഏറ്റവും ഉചിതമായതിലേക്ക് ഞങ്ങളുടെ പാരിതോഷികത്തെ തിരിച്ചാലും.
സത്യമായും, അങ്ങാണു ഞങ്ങളുടെ നാഥന്‍, സകലവസ്തുക്കളുടേയും നാഥന്‍. അങ്ങയ്ക്കുചിതമായ കാര്യങ്ങള്‍ക്കുവേണ്ടി അഭിലഷിച്ചുകൊണ്ടു അവിടുത്തെ കരങ്ങളിലേക്ക് ഞങ്ങളെ സ്വയം സമര്‍പ്പിക്കുന്നു.

-The Báb
-----------------------

ധര്‍മ്മത്തിന്‍റെ വിജയം (#9872)

അവന്‍ ദൈവമാണ്!
അല്ലയോ പ്രഭോ, എന്‍റെ ദൈവമേ, എന്‍റെ എത്രയും പ്രിയങ്കരനേ! അങ്ങയുടെ ശബ്ദം ശ്രവിച്ചിട്ടുള്ള, അവിടുത്തെ വചനം ശ്രവിക്കാനായി ശ്രോത്രങ്ങള്‍ നല്‍കപ്പെട്ടിട്ടുള്ള, അവിടുത്തെ ആഹ്വാനത്തെ ശ്രദ്ധിച്ചുകേള്‍ക്കുന്ന അവിടുത്തെ സേവകരാണിവര്‍. അവര്‍ അങ്ങയില്‍ വിശ്വസിച്ചിട്ടുണ്ട്. അവിടുത്തെ വിസ്മയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവിടുത്തെ തെളിവുകള്‍ അംഗീകരിച്ചിട്ടുണ്ട്. അവിടുത്തെ പ്രമാണങ്ങളെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവര്‍ അവിടുത്തെ പാതയില്‍ സഞ്ചരിച്ചിട്ടുണ്ട്. അവര്‍ അവിടുത്തെ മാര്‍ഗ്ഗനിര്‍ദേശം പിന്തുടര്‍ന്നിട്ടുണ്ട്. അവിടുത്തെ നിഗൂഢതകള്‍ കണ്ടെത്തിയിട്ടുണ്ട്. അവിടുത്തെ ഗ്രന്ഥത്തിലെ രഹസ്യങ്ങളും അവിടുത്തെ ഫലകങ്ങളിലെ വചനങ്ങളും അവിടുത്തെ കത്തുകളിലും കുറിപ്പുകളിലുമുള്ള സന്തോഷവര്‍ത്തമാനങ്ങളും ഉള്‍ക്കൊണ്ടിട്ടുണ്ട്. അവിടുത്തെ വസ്ത്രത്തിന്‍റെ തുമ്പില്‍ അവര്‍ പറ്റിപ്പിടിച്ചിട്ടുണ്ട്. അവിടുത്തെ വെളിച്ചത്തിന്‍റെയും ഗാംഭീര്യത്തിന്‍റെയും അലങ്കാരവസ്ത്രങ്ങളില്‍ അവര്‍ മുറുകെപ്പിടിച്ചിട്ടുണ്ട്. അവിടുത്തെ ഉടമ്പടിയില്‍ അവരുടെ ചുവടുകളെ ദൃഢപ്പെടുത്തിയിട്ടുണ്ട്. അവിടുത്തെ സംഹിതകളില്‍ അവരുടെ ഹൃദയങ്ങള്‍ ഉറപ്പിച്ചിട്ടുണ്ട്. പ്രഭോ! അവിടുത്തെ ദൈവികാകര്‍ഷണത്തിന്‍റെ ജ്വാല അവരുടെ ഹൃദയങ്ങളില്‍ ജ്വലിപ്പിച്ചാലും. സ്നേഹത്തിന്‍റെയും ഉള്‍ക്കൊള്ളലിന്‍റെയും വാനമ്പാടിയെ അവരുടെ ഹൃദയങ്ങളിലിരുന്നു പാടാന്‍ അനുവദിച്ചാലും. അവിടുത്തെ വചനം പോലെ പൂര്‍ണരും ശക്തമായ ചിഹ്നങ്ങളും അത്യുജ്ജ്വലമായ പതാകയും ആയിത്തീരാന്‍ അവരെ അനുവദിച്ചാലും. അവരാല്‍ അവിടുത്തെ ധര്‍മ്മം ഉയര്‍ത്തിയാലും, അവിടുത്തെ കൊടിയടയാളങ്ങളുടെ ചുരുള്‍ നിവര്‍ത്തി അവിടുത്തെ വിസ്മയങ്ങള്‍ വിദൂരങ്ങളിലേക്കു പ്രചരിപ്പിച്ചാലും, അവരാല്‍ അവിടുത്തെ വചനത്തെ വിജയിപ്പിച്ചാലും. അവിടുത്തെ പ്രിയങ്കരരുടെ ആത്മചൈതന്യത്തെ ബലപ്പെടുത്തിയാലും. അവിടുത്തെ നാമം പ്രകീര്‍ത്തിക്കുന്നതിനായി അവരുടെ നാവുകളെ ഇളക്കിയാലും. അവിടുത്തെ പരിശുദ്ധമായ ഇച്ഛയ്ക്കും സന്തോഷത്തിനും അനുസൃതമായത് ചെയ്യാന്‍ അവരെ പ്രചോദിപ്പിച്ചാലും. അവിടുത്തെ വിശുദ്ധിയുടെ സാമ്രാജ്യത്തില്‍ അവരുടെ വദനങ്ങളെ പ്രകാശിപ്പിച്ചാലും. അവിടുത്തെ ധര്‍മ്മത്തിന്‍റെ വിജയത്തിനുവേണ്ടി ഉണരുന്നതില്‍ അവരെ സഹായിച്ചുകൊണ്ട് അവരുടെ സന്തോഷത്തെ പൂര്‍ണ്ണമാക്കിയാലും.
പ്രഭോ! ഞങ്ങള്‍ ദുര്‍ബ്ബലരാണ്; അവിടുത്തെ വിശുദ്ധിയുടെ സൗരഭ്യങ്ങള്‍ പരത്താന്‍ ഞങ്ങളെ ശക്തരാക്കിയാലും. ഞങ്ങള്‍ പാവങ്ങളാണ്; അവിടുത്തെ ദൈവീക ഐക്യത്തിന്‍റെ നിധികളില്‍ നിന്ന് ഞങ്ങളെ സമ്പന്നരാക്കിയാലും. ഞങ്ങള്‍ നഗ്നരാണ്; അവിടുത്തെ ഔദാര്യത്തിന്‍റെ അലങ്കാരവസ്ത്രങ്ങള്‍  ഞങ്ങളെ അണിയിച്ചാലും. ഞങ്ങള്‍ പാപികളാണ്; അവിടുത്തെ കാരുണ്യത്താലും അവിടുത്തെ ആനുകൂല്യത്താലും അവിടുത്തെ മാപ്പിനാലും ഞങ്ങളുടെ പാപങ്ങള്‍ക്കു ഞങ്ങളോടു പൊറുത്താലും. സത്യമായും അങ്ങാണു തുണയും സഹായിയും കൃപാലുവും പ്രബലനും ശക്തനും.
ഉറ്റതും ഉറപ്പുള്ളവരുമായവരുടെ മേല്‍ തേജസ്സുകളുടെ തേജസ്സു നിലകൊള്ളുന്നു.

-`Abdu'l-Bahá
-----------------------

